ഷില്ലോംഗ്: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തിന് മുന്നോടിയായി മേഘാലയ തലസ്ഥാനമായ ഷില്ലോംഗിൽ സുരക്ഷ വൻതോതിൽ ശക്തമാക്കി. ശനിയാഴ്ച രാത്രി നഗരത്തിലെ പ്രമുഖ നാല് കേന്ദ്രങ്ങളിൽ (മോത്ഫ്രാൻ, മൽക്കി പോയിന്റ്, ഡോൺ ബോസ്കോ, ലൈതുംഖ്ര) ടയറുകൾ കത്തിച്ച് പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, ക്രമസമാധാന പാലനത്തിനായി മൂന്ന് കമ്പനി മേഘാലയ പൊലിസിനെ നഗരത്തിലുടനീളം വിന്യസിച്ചതായി എസ്പി വിവേക് സയം സ്ഥിരീകരിച്ചു.
സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിലാണ് ഉപരാഷ്ട്രപതി മേഘാലയ സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ ആകെ 1,010.95 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അഞ്ച് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. അസം, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിപുലമായ പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.